ചാവശേരി: ചാവശേരി ടൗണിലെ ചിക്കൻ സ്റ്റാളിലുണ്ടായ തീപിടിത്തത്തിൽ സ്റ്റാൾ ഭാഗികമായി കത്തിനശിച്ചു. പി.എം. ഇസ്മയിലിന്റെ ഉടസ്ഥതയിലുള്ള സൗഹൃദം ചിക്കൻസ്റ്റാളിലാണ് ഇന്നലെ പുലർച്ചെ ഒന്നോടെ തീപിടിച്ചത്. സ്റ്റാൾ പ്രവർത്തിക്കുന് കെട്ടിടത്തിന്റെ പിറക് വശത്തെ ഓടുമേഞ്ഞ ഞാലിയും ഇലക്ട്രിക് വയറിംഗും പ്ലാസ്റ്റിക് ഷീറ്റുകളും കത്തി നശിച്ചു.
തീ കണ്ട സമീപവാസികൾ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെയും ഉടമയെയും വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു തീയണച്ചതിനാലാണ് മറ്റു കടകളിലേക്ക് തീ പടരാതിരുന്നത്. സമീപത്ത് പ്രവർത്തിക്കുന്ന ഹോട്ടലിനു പിന്നിൽ സൂക്ഷിച്ച വിറകിന് തീപിടിച്ച് ചിക്കൻ സ്റ്റാളിലേക്ക് പടരുകയായിരുന്നു.
ഹോട്ടലിന്റെ പിന്നിൽ സൂക്ഷിച്ച വിറകും പത്തു ചാക്ക് കരിയും കത്തി നശിച്ചു. ചിക്കൻ സ്റ്റാളിന് 20,000 രൂപയുടെ നഷ്ടവും ഹോട്ടലിന് 10,000 രൂപയുടെ നഷ്ടവും സംഭവിച്ചതായി കണക്കാക്കുന്നു.